ഇസ്രായേലിനെ ഇന്ന് ഇറാൻ ആക്രമിക്കും; അമേരിക്കയുടെ മുന്നറിയിപ്പ്

05 August, 2024

ടെൽ അവീവ്:  ഇറാനും ഹിസ്ബുള്ളയും സംയുക്തമായി ഇന്ന് ഇസ്രായേലിനെ ആക്രമിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തങ്ങൾ എന്തിനും തയ്യാറാണെന്നും ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

'ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറാണ്. അത് ആക്രമണമായാലും പ്രതിരോധമായാലും'- ഇസ്രയേൽ മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു.

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് നേരത്തെ ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം ഇന്നാരംഭിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയത്.

ഇതേ തുടർന്ന് നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയുണ്ടായി. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളായ മൊസാദിന്റെയും ഷിൻ ബെറ്റിന്റെയും തലവൻമാരടക്കം പങ്കെടുത്ത യോഗത്തിൽ പ്രത്യാക്രമണത്തിന് സജ്ജമാകാൻ തീരുമാനിച്ചു.

തിന്മകളുടെ കൂട്ടായ്മയ്ക്കെതിരെ ഇസ്രയേൽ ബഹുമുഖ യുദ്ധത്തിലാണെന്ന് പറഞ്ഞ നെതന്യാഹു, ശത്രുക്കൾക്ക് കനത്ത മുന്നറിയിപ്പ് നൽകുകയും ചെയ്തു. 'ശത്രുക്കളോട് ഞാൻ ആവർത്തിച്ച് പറയുന്നു. ഞങ്ങൾ പ്രതികരിക്കും, ഞങ്ങൾക്കെതിരായ ഏത് ആക്രമണത്തിനും, ഏത് ഭാഗത്തു നിന്നായാലും കനത്ത വില നൽകേണ്ടി വരും'- നെതന്യാഹു പ്രഖ്യാപിച്ചു.

ഏത് ആക്രമണത്തിനും വളരെ വേഗത്തിൽ മറുപടി നൽകാൻ തങ്ങൾ സർവ്വ സജ്ജമാണെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. തങ്ങൾ കരയിലും വായുവിലും വളരെ ശക്തമായി സജ്ജരാണ്. ആക്രമണത്തിനോ പ്രത്യാക്രമണത്തിനോ വേഗത്തിൽ നീങ്ങാൻ തങ്ങൾക്ക് കഴിയുമെന്നും ഗാലന്റ് പറഞ്ഞു.

ഹിസ്ബുള്ളയിൽ നിന്നും ഇറാനിൽ നിന്നുമുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ നെതന്യാഹു അടക്കമുള്ള ഇസ്രയേലിലെ ഉന്നത നേതാക്കൾക്ക് യുദ്ധ സമയത്ത് ദീർഘകാലം സുരക്ഷിതമായി കഴിയാനായി ഭൂഗർഭ ബങ്കർ തയ്യാറായതായും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



Comment

Editor Pics

Related News

ഇന്ത്യയിൽ എംപോക്സ്‌ ഇല്ല, എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സെപ്തംബർ 10, 11 തീയതികളിൽ റഷ്യ സന്ദർശനം നടത്തും.
ഐഎഎസ് പ്രൊബേഷണറി ഓഫീസർ പൂജ ഖേഡ്കറെ ഐ എ എസിൽ നിന്ന് പിരിച്ചുവിട്ടു
ഉത്തർ പ്രദേശിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് നാലുപേർ മരിച്ചു. 28 പേരെ രക്ഷപ്പെടുത്തി