Or copy link
ജൂൺ 8 ഞായറാഴ്ച്ച 2025 ആം ആണ്ടിലെ പെന്തക്കുസ്താ തിരുനാൾ തിരുസഭ ആചരിക്കുകയാണ്.മനുഷ്യാവതാരത്തിൻറെ യഥാർത്ഥ ലക്ഷ്യം പന്തക്കുസ്താ ആയിരുന്നു എന്നാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പൗരസ്ത്യ ദൈവശാസത്രജ്ഞരിൽ ഒരാളായ വ്ളാദ്മിർ ലൂസ്കി (Vladimir Lossky) അഭിപ്രായപ്പെടുന്നത്. മനുഷ്യാവതാരത്തിൻറെ തുടർച്ചയും അതിൻറെ അനുബന്ധവും അനന്തരഫലവുമായിരുന്നു പന്തക്കുസ്താ. വാസ്തവത്തിൽ ഈശോയുടെ മനുഷ്യാവതാരംപോലും പന്തക്കുസ്തായ്ക്കു വേണ്ടിയുള്ള കളമൊരുക്കലായിരുന്നു എന്നൊരു ചിന്തയാണ് പൗരസ്ത്യ സഭാപിതാക്കന്മാരുടെ ചിന്തകളെ ആസ്പദമാക്കി ലൂസ്കി പങ്കുവയ്ക്കുന്നത്. പരസ്യശുശ്രൂഷാ കാലത്ത് ഈശോമശിഹാ തൻറെ ശിഷ്യന്മാരോടു പറഞ്ഞതു നോക്കുക: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയയ്ക്കും”. പരിശുദ്ധാത്മാവിൻറെ ആഗമനത്തോടെ തിരുസ്സഭ ജനിക്കുകയും “സഭയിലൂടെ മിശിഹാ മനുഷ്യവംശത്തെ തന്നിലേക്ക് സ്വാംശീകരിക്കുകയും ചെയ്തു” എന്നാണ് സഭാപിതാവായ ഇരണേവൂസ് വിശദമാക്കുന്നത്.
പിതാവിനും പുത്രനും “പൊതുവായിട്ടുള്ളതിൽനിന്ന് എടുത്ത് പരിശുദ്ധാത്മാവ് മനുഷ്യർക്കു നൽകും” എന്നാണ് ഈശോ പറയുന്നത്. “അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് അവൻ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാൻ പറഞ്ഞത്”. (യോഹ 16, 14-15). അപ്പോൾ പിതാവിനും പുത്രനും പൊതുവായിട്ടുള്ളത് എന്താണെന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. അതിന് പിതാക്കന്മാർ നൽകുന്ന ഉത്തരം അത് Divinity (ദൈവികത)യാണ് എന്നാണ്. പരിശുദ്ധ ത്രിത്വത്തിൽ നിറഞ്ഞുനിൽക്കുന്ന ദൈവികജീവനാണ് പരിശുദ്ധാതമാവ് മനുഷ്യനിലേക്ക് പകർന്നുകൊടുക്കുന്നത്. ദൈവികതയിലേയ്ക്കും “ദൈവിക സ്വഭാവത്തിൽ പങ്കാളികളാകുന്നതിനുമായി” (2 പത്രോസ് 1:4) ജനകോടികളെ ഒരുക്കിയെടുക്കുന്ന ശുശ്രൂഷയാണ് പരിശുദ്ധാത്മാവ് സഭയിൽ നിർവ്വഹിക്കുന്നത്. പന്തക്കുസ്താദിനം മുതൽ ആർക്കും വേർപെടുത്താനാവാത്തവിധം ബന്ധിതമായി പരിശുദ്ധാത്മാവും സഭയും മനുഷ്യവംശത്തോടൊപ്പം സഞ്ചരിക്കുന്നു. സഭാപിതാവായ ഇരണേവൂസ് ഈ ബന്ധത്തെക്കുറിച്ചു പറഞ്ഞത് “സഭ എവിടെയാണോ, അവിടെയാണ് പരിശുദ്ധാത്മാവ്, പരിശുദ്ധാത്മാവ് എവിടെയാണോ അവിടെയാണ് സഭ” എന്നായിരുന്നു.
പരിശുദ്ധാത്മാവിനെ സംബന്ധിച്ച് ഡമാസ്കസിലെ വിശുദ്ധ യോഹന്നാന്റെ ഒരു നിരീക്ഷണം ഇവിടെ എടുത്തുപറയേണ്ടതാണ്. പിതാവിൻറെ പ്രതിരൂപ(image)മായിട്ടാണ് പുത്രൻ വെളിപ്പെട്ടത്, പുത്രൻ തമ്പുരാൻറെ പ്രതിരൂപമായിട്ടാണ് പരിശുദ്ധാത്മാവ് വെളിപ്പെട്ടിരിക്കുന്നത്. ത്രിത്വത്തിൽ ഒരുവനായ പരിശുദ്ധാത്മാവ് മാത്രമാണ് ദൈവികകൂട്ടായ്മയിൽ ആരാലും പ്രതിരൂപമായി വെളിപ്പെടാതിരിക്കുന്നത്. അതിനാൽ പരിശുദ്ധാത്മാവ് എന്ന വ്യക്തി നിഗൂഡസ്ഥിതിതനായും മറഞ്ഞിരിക്കുന്നവനായിട്ടുമാണ് സഭയിൽ വസിക്കുന്നതു. സഭയിൽ ഒരു ദാസനെപ്പോലെ ശുശ്രൂഷിക്കാൻ കടന്നുവന്ന പരിശുദ്ധാത്മാവ് തൻറെ ശുശ്രൂഷ ചെയ്യുന്നുവെങ്കിലും കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ചരിത്രത്തിൽ കോടാനുകോടി സഭാമക്കളിലൂടെ പരിശുദ്ധാതമാവിൻറെ പ്രതിരൂപം വെളിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് വ്ളാദ്മിർ ലൂസ്കി എഴുതിയത്. സഭയിൽ അംഗമായിരിക്കുന്ന ഓരോ വ്യക്തിയെയും നിത്യമായ ത്രിത്വകൂട്ടായ്മയിൽ (Perichoresis) പങ്കാളികളാക്കുവാനുള്ള ദൗത്യത്തിലാണ് പരിശുദ്ധാത്മാവ് ഏർപ്പെട്ടിരിക്കുന്നത്.
ഇംഗ്ലീഷ് കവി ജോൺ ബെറ്റ്ജെമാൻ (John Betjeman) മാനവസംസ്കാരത്തിൽ വേരുകളാഴ്ത്തിനിൽക്കുന്ന ഒരു മഹാവൃക്ഷമായി സഭയെ ദർശിച്ചുകൊണ്ട് എഴുതിയ ഒരു കവിതയുടെ ഒടുവിലത്തെ വരികൾ ഇപ്രകാരമാണ്:
“It needs no bureaucratical protection,
It is it’s own perpetual resurrection”
ഈ വൃക്ഷത്തിൻറെ അതിജീവനം ആരുടെയും ഔദാര്യമല്ല. അത് നിത്യമായ പുനഃരുത്ഥാനത്തിലൂടെയാണ് ദിവസേന കടന്നുപോകുന്നത്. ഇലകളായി, പൂക്കളായി, കായ്ഫലങ്ങളായി ഈ മഹാവൃക്ഷം ലോകചരിത്രത്തിൽ തലയുയർത്തിനിൽക്കുന്നു. നിത്യമായ നവീകരണത്തിലൂടെ ഏതു ഇരുണ്ട കാലത്തെയും അതിജീവിക്കാൻ മിശിഹായുടെ സഭയെ സഹായിക്കുന്ന റൂഹാദ്ഖുദിശാ തമ്പുരാന് സ്തുതി!
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്