തിരുവോസ്തി മാംസക്കഷ്ണമായി, പിന്നെ വലിപ്പം കൂടി

0
137

1194 ൽ ജർമ്മനിയിലെ ഓഗ്സ്ബർഗിലെ ഒരു ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആ സ്ത്രീ. പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിലൂടെ തന്നെത്തന്നെ ദൈവത്തിനു സ്വയം സമർപ്പിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു ആ സ്തീയുടേത്. അന്നേ ദിവസം വൈദികനിൽ നിന്നും സ്വീകരിച്ച വിശുദ്ധ കുർബാന ആരും കാണാതെ അവൾ ഒരു തുവാലയിൽ പൊതിഞ്ഞെടുത്തു. വീട്ടിലുള്ള മെഴുകുകൊണ്ടുണ്ടാക്കിയ ഒരു പാത്രത്തിൽ അവൾ ആ ദിവ്യകാരുണ്യം സൂക്ഷിച്ചുവച്ചു.

ദേവാലയങ്ങൾ വളരെ കുറവായിരുന്നു അക്കാലത്ത് ഓഗ്സ്ബർഗിൽ. ദിവ്യകാരുണ്യത്തോട് അങ്ങേയറ്റം ഭക്തി പുലർത്തിയിരുന്ന ആ സ്ത്രീ തനിക്കു തോന്നുമ്പോഴൊക്കെ ദിവ്യകാരുണ്യ ആരാധന നടത്താനായിരുന്നു തിരുവോസ്തി വീട്ടിൽകൊണ്ടുവന്നു സൂക്ഷിച്ചുവച്ചത്.

പരിശുദ്ധ കുർബാനയുടെ തിരുനാളിനോട് അനുബന്ധിച്ച് സഭയിൽ പൊതു ആരാധന ആരംഭിക്കുന്നത് 1264 ലാണ്.

എന്നാൽ പരിശുദ്ധ കുർബാന വീട്ടിൽ സൂക്ഷിക്കുന്നത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ ആ സ്ത്രീയിൽ കുറ്റബോധം വർദ്ധിക്കുവാൻ തുടങ്ങി. അഞ്ചുവർഷങ്ങൾ കടന്നുപോയി. 1199 മെയ്മാസം 11 ന് ഹോളി ക്രോസ് കോൺവെന്റ് ചാപ്പലിലെ ഫാദർ ബെർനാർഡിനോട് അവൾ ഹൃദയംതുറന്ന് കുമ്പസാരിച്ചു. ആ തിരുവോസ്തി തിരികെ ദേവാലയത്തിലെത്തിക്കാൻ വൈദികൻ ആ സ്ത്രീയോട് ആവശ്യപ്പെട്ടു. അവൾ അത് ആ മെഴുകുപാത്രത്തോടെ തിരികെ ദേവാലയത്തിൽ എത്തിച്ചു. മെഴുകുപാത്രം തുറന്നപ്പോൾ ഉള്ളിലുണ്ടായിരുന്ന തിരുവോസ്തി മാംസമായി കാണപ്പെട്ടു. രണ്ടു കഷ്ണങ്ങളായി മുറിഞ്ഞ തിരുവോസ്തി തിരുരക്തം കൊണ്ടുള്ള ഒരു നേരിയ നൂൽകൊണ്ട് ബന്ധിച്ചിരുന്നു.

വൈദികനായ ബെർണാർഡ് മാംസക്കഷ്ണമായിമാറിയ തിരുവോസ്തിയെക്കുറിച്ച് മെത്രാനെ അറിയിച്ചു. താമസിക്കാതെ ആ തിരുവോസ്തി പൊതുവായി ആരാധിക്കപ്പെടുകയുണ്ടായി. തിരുവോസ്തിയുടെ അത്ഭുതങ്ങൾ അവിടംകൊണ്ടൊന്നും അവസാനിച്ചില്ല.
തുടർന്നുവന്ന ഈസ്റ്റർ ഞായറാഴ്ച പരസ്യ ആരാധനയുടെ സമയത്ത് തിരുവോസ്തിയുടെ വലുപ്പം കൂടുകയും അനേകർ ആ മഹാത്ഭുതത്തിന് സാക്ഷികളാകുകയും ചെയ്തു. ഈസ്റ്റർ ഞായർ മുതൽ വിശുദ്ധ സ്നാപകയോഹന്നാന്റെ തിരുനാൾവരെയും തുടരുകയും ചെയ്തു.

തുടർന്ന് സഭാധികാരികളുടെ അനുമതിയോടെ തിരുവോസ്തി അടുത്തുള്ള ഹോളി ക്രോസ് കോൺവെന്റ് ചാപ്പലിൽ മാറ്റി സ്ഥാപിക്കുകയും ഇതു ഒരിക്കലും മറക്കാനാവാത്ത ഒരു അസാധാരണ സംഭവമെന്ന് തിരുസഭ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാവർഷവും ഈ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ സ്മരണാർത്ഥം ചാപ്പലിൽ പ്രത്യേക ആരാധന നടത്താറുണ്ട്.

1200 ൽ കുലീനനായ റെക്ബർ സംഭാവന ചെയ്ത സമചതുരാകൃതിയിലുള്ള മുൻവശം തുറക്കാനാവുന്ന പേടകത്തിൽ ഈ തിരുവോസ്തി സ്ഥാപിച്ചു. അനേകായിരങ്ങൾ ഇന്നും ഈ തിരുവോസ്തി വണങ്ങി ആരാധിക്കുവാനും പ്രാർത്ഥിക്കുവാനുമായി എത്തിക്കൊണ്ടിരിക്കുന്നു.

പലപ്പോഴായി ഈ തിരുവോസ്തിയിൽ അനേകം ദിവ്യദൃശ്യങ്ങളും കാണപ്പെട്ടിട്ടുണ്ട്. ഒരിക്കൽ തിരുവോസ്തി പ്രത്യക്ഷപ്പെടുകയും അതിൽ തൂവെള്ള വസ്ത്രംധരിച്ച് പൊൻ കിരീടവുമണിഞ്ഞു പ്രകാശംപരത്തുന്ന ഉണ്ണിഈശോയെ കാണപ്പെടുകയും ചെയ്തു. മറ്റൊരവസരത്തിൽ തിരുരക്തം ചിന്തുന്ന ക്രൂശിതനായ ഈശോ വിശ്വാസികളെ ആശിർവദിക്കുന്നതായും കാണപ്പെട്ടു.