ഉദ്ഘാടനത്തിനിടെ വാണിയപ്പാറ ഇടവകാ ദൈവാലയത്തിൽ അഗ്നിബാധ, വെഞ്ചരിപ്പ് മാറ്റി

0
174

കണ്ണൂർ: തലശ്ശേരി അതിരൂപതയിലെ വാണിയപ്പാറ ഉണ്ണി മിശിഹാ ഇടവക ദൈവാലയത്തിൽ തീപിടുത്തം. നവീകരിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മത്തിനു തൊട്ടുമുമ്പാണ് ദേവാലയത്തിന്റെ സീലിംഗിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. ഇന്നലെ ബുധനാഴ്ച ഉച്ചക്ക് മൂന്നോടെയാണ് അഗ്നിബാധയുണ്ടായത്. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ദൈവാലയ വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അപകടം. വൈദ്യുതി മുടങ്ങിയത് മൂലം ജനറേറ്റർ പ്രവർത്തിച്ചിരിന്നു. ഈ സമയമാണ് സീലിംഗിൽ നിന്ന് തീയും പുകയും ഉണ്ടായത്.

കൂദാശാ കർമത്തിനെത്തിയ വിശ്വാസികളും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ഇരിട്ടിയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്‌നിനിശമന സേന എത്തിചേർന്നതോടെയാണ് തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. തീ പിടിത്തമുണ്ടായതോടെ പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങളും ഫർണ്ണിച്ചറുകളും പുറത്തെത്തിച്ചു. തിരുസ്വരൂപങ്ങൾ പൂർണ്ണമായും മാറ്റാനും കഴിഞ്ഞു. സംഭവം നടക്കുമ്പോൾ തലശേരി അതീരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, സണ്ണി ജോസഫ് എംഎൽഎ, മേഖലയിലെ വൈദികരും പള്ളിക്കുള്ളിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. ദേവാലയത്തിന്റെ വെഞ്ചരിപ്പ് കർമ്മം മെയ് 31ലേക്ക് മാറ്റി നിശ്ചയിച്ചു.