പറക്കുന്ന വിശുദ്ധന്‍

0
240

പതിനേഴാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധാത്മാവും സന്യാസവൈദികനും ആയിരുന്നു കൂപ്പര്‍റ്റീനോയിലെ ജോസഫ് (ജീവിതകാലം: ജൂണ്‍ 17, 1603 – സെപ്തംബര്‍ 18, 1663). തീവ്രമായ ആത്മീയദര്‍ശനങ്ങള്‍ ലഭിച്ചിരുന്നതിനാല്‍ അദ്ദേഹം സ്വയമറിയാതെ വായുവില്‍ ഉയര്‍ന്നുപോവുകയും ഏറെനേരം അത്ഭുതപാരവശ്യത്തില്‍ കഴിയുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ പേരില്‍ മതദ്രോഹവിചാരണയ്ക്കും വിലക്കുകള്‍ക്കും നാടുകടത്തലിനും വിധേയനാകേണ്ടി വന്നപ്പോള്‍ അനുസരണയോടെ വഴങ്ങിയ അദ്ദേഹത്തെ, മരണശേഷം 1767-ല്‍, കത്തോലിക്കാ സഭ വിശുദ്ധനായി അംഗീകരിച്ചു. വൈമാനികരുടേയും, വിമാനയാത്രക്കാരുടേയും, ശൂന്യാകാശയാത്രികരുടേയും, പരീക്ഷകള്‍ എഴുതുന്നവരുടേയും, പഠനത്തില്‍ പിന്നോക്കമായ വിദ്യാര്‍ത്ഥികളുടേയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി കൂപ്പര്‍റ്റീനോയിലെ ജോസഫ് പുണ്യവാളന്‍ കരുതപ്പെടുന്നു.

1630 ഒക്ടോബര്‍ 4-ന് കൂപ്പര്‍റ്റീനോ നഗരത്തില്‍ അസ്സീസിയില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന ഒരു പ്രദക്ഷിണത്തിനിടെ, അതില്‍ സഹായിച്ചുകൊണ്ടിരുന്ന ജോസഫ് താനറിയാതെ പെട്ടെന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്നെന്നും ജനക്കൂട്ടത്തിനു മുകളില്‍ അവിടെ നിലകൊണ്ടെന്നും പറയപ്പെടുന്നു. താഴെ തിരികെ വന്ന ശേഷം തനിക്കു സംഭവിച്ചതെന്തെന്ന് മനസ്സിലാക്കിയ അദ്ദേഹം ലജ്ജിതനായി സ്വന്തം അമ്മയുടെ വീട്ടില്‍ ഒളിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഇത്തരം ഒട്ടേറെ അനുഭവങ്ങളില്‍ ആദ്യത്തേതു മാത്രമായിരുന്നു ഇത്. താമസിയാതെ അദ്ദേഹത്തിന് ‘പറക്കും പുണ്യവാളന്‍’ എന്ന പേരു ചാര്‍ത്തിക്കിട്ടി.

പ്ലവനാനുഭവങ്ങള്‍ കൂടുതല്‍ അടുത്തടുത്തടുത്ത് ഉണ്ടാകാന്‍ തുടങ്ങിയതോടെ ജോസഫിന്റെ ജീവിതം പ്രശ്‌നഭരിതമായി. ജോസഫിന്റെ നിയന്ത്രണമില്ലായ്മയില്‍ അങ്കലാപ്പു പൂണ്ട മേലധികാരികള്‍, മറ്റുള്ളവര്‍ക്ക് ഇടച്ചയാകാതിരിക്കാനായി, സാമൂഹ്യമായ ചടങ്ങുകളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നായിട്ടും അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനുമായില്ല. യേശുവിന്റേയോ, വിശുദ്ധമാതാവിന്റേയോ നാമം ഉച്ചരിച്ചു കേള്‍ക്കുമ്പോഴോ, അസ്സീസിയിലെ ഫ്രാന്‍സിസിന്റെ തിരുനാള്‍ കീര്‍ത്തനങ്ങള്‍ പാടുമ്പോഴോ, കുര്‍ബ്ബാന അര്‍പ്പിക്കുമ്പോഴോ ഒക്കെ, പെട്ടെന്ന് വിസ്മയാവസ്ഥയിലായി അദ്ദേഹം, അന്തരീക്ഷത്തിലേക്കുയര്‍ന്നു. സന്യാസിയുടെ അനുസരണവൃതം അനുസ്മരിപ്പിച്ച് മേലധികാരി അജ്ഞാപിച്ചപ്പോള്‍ മാത്രം സാധാരണനിലയിലായി.

ജോസഫിന്റെ ഏറ്റവും പ്രസിദ്ധമായ ‘പറക്കല്‍’ നടന്നത്, ഉര്‍ബന്‍ എട്ടാമന്‍ മാര്‍പ്പാപ്പയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ ആയിരുന്നെന്നു പറയപ്പെടുന്നു. മാര്‍പ്പാപ്പയുടെ പാദം ചുമ്പിക്കാന്‍ കുനിഞ്ഞ ജോസഫ്, പെട്ടെന്ന് ദര്‍ശനാവസ്ഥയിലെത്തി മുകളിലേക്കുയര്‍ന്നു. ഫ്രാന്‍സിസ്‌കന്‍ സഭയുടെ മിനിസ്റ്റര്‍ ജനറല്‍ ആജ്ഞാപിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം താഴെ വന്നത്.

വിശുദ്ധിയുടെ തികവു മൂലം ജോസഫ് ഒരു മധുരഗന്ധം പരത്തിയിരുന്നു എന്നും കഥയുണ്ട്. പാപാവസ്ഥയിലായിരുന്നവരുടെ ദുര്‍ഗന്ധം അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു. അദ്ദേഹം രോഗികളെ സുഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള മറ്റത്ഭുതങ്ങളും പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.