ഗര്‍ഭിണിയേയും അഞ്ചുവയസ്സുള്ള മകനെയും കൊലപ്പെടുത്തി, ഉറ്റ ബന്ധു അറസ്റ്റില്‍

0
92

ലക്‌നൗ: ഗര്‍ഭിണിയായ യുവതിയെയും അഞ്ചുവയസ്സുള്ള മകനെയും കൊലപ്പെടുത്തിയെന്ന കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കൊല്ലപ്പെട്ട ശിഖ(26)യുടെ ഭര്‍ത്താവ് സന്ദീപിന്റെ സഹോദരീ ഭര്‍ത്താവായ ഹരീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും രണ്ട് കൂട്ടാളികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സന്ദീപിന്റെ കുടുംബം സാമ്പത്തികമായി ഉയര്‍ന്നനിലയിലായതിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമായതെന്നും ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

സന്ദീപിന്റെ ഭാര്യ ശിഖ, മകന്‍ രുക്‌നാഷ് എന്നിവരെ തിങ്കളാഴ്ച രാത്രിയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബാങ്ക് മാനേജരായ സന്ദീപ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മകനും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പൊലീസിനേയും അയല്‍ക്കാരേയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയിലെ കട്ടിലിനുള്ളിലെ അറയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്.