മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ തീരം തൊടും, ശക്തമായ മഴയ്ക്ക് സാധ്യത

0
68


ചെന്നൈ: നാളെ രാവിലെ മാന്‍ഡസ് ചുഴലിക്കാറ്റ് തീരം തൊടും. തമിഴ്നാട്ടിലെ കാരക്കലിന് സമീപമായിരിക്കും തീരംതൊടുന്നത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ചുഴലികാറ്റ് ഇപ്പോള്‍ മഹാബലിപുരത്തുനിന്നും 230 കിലോമീറ്റര്‍ അകലെയാണ് അതായത് ചെന്നൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയാണ്. കാറ്റിന്റെ വേഗത ഇപ്പോള്‍ കുറവാണ്. എന്നാല്‍ വീണ്ടും ശക്തി കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.