വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റീനിൽ ഇളവ്

0
1432

വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീൻ മാർഗ മാനദണ്ഡങ്ങളിൽ ഇളവുകളുമായി കേന്ദ്ര സർക്കാർ.
ഓഗസ്റ്റ് 8 മുതൽ വിദേശത്ത് നിന്നും വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഈ വിവരമുള്ളത്.
യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് തന്നെ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്.

ഗർഭം, അടുത്ത ബന്ധുവിന്റെ മരണം, അസുഖം, പത്ത് വയസിൽ താഴെയുള്ള മക്കൾക്കായി നാട്ടിലേക്ക് വരിക പോലുള്ള
അടിയന്തര ആവശ്യങ്ങൾക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റീൻ- ഏഴ് ദിവസത്തെ ഹോം ക്വാറന്റീൻ എന്നതിന് പകരം 14 ദിവസത്തെ ഹോം ക്വാറന്റീന് ആവശ്യപ്പെടാം.

അതേസമയം ക്വാറന്റീൻ മാനദണ്ഡങ്ങളിൽ ഇളവ് ലഭിക്കേണ്ടവർ www.newdelhiairport.in എന്ന പോർട്ടലിൽ 72 മണിക്കൂർ മുമ്പ് അപേക്ഷ സമർപ്പിക്കണം. ഓഗസ്റ്റ് 8 രാത്രി 12.01 മണി മുതൽ ഇളവുകൾ നിലവിൽ വരും.

കൊറോണ നെഗറ്റീവ് പരിശോധനാഫലം ഈ പോർട്ടലിൽ അപ്ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിലും പരിശോധനാഫലം ഹാജരാക്കണം.

യാത്രക്കാരെല്ലാം ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണമെന്നും ലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളുവെന്നും നിർദേശമുണ്ട്. രോഗ ലക്ഷണമുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും.