മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി. നവി മുംബൈയിലെ തലോജ ജയിലിലേക്കാണ് അർണബിനെ മാറ്റിയത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ക്വാറന്റീൻ സെന്ററിൽ വച്ച് അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതോടെയാണ് അർണബിനെ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ജയിൽ പുള്ളികൾക്കായുള്ള ക്വാറന്റീൻ സെന്ററായ ആലിബാഗിലെ മുൻസിപ്പൽ സ്‌കൂളിലായിരുന്നു അർണബിനെ താമസിപ്പിച്ചിരുന്നത്. മറ്റാരുടെയോ മൊബൈൽ ഫോൺ ഉപയോഗിച്ച് അർണബ് സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണെന്ന് വെള്ളിയാഴ്ചരാത്രിയോടെ മനസ്സിലായി. ബുധനാഴ്ച അറസ്റ്റ് ചെയ്തതോടൊപ്പം തന്നെ അർണബിന്റെ ഫോൺ പിടിച്ചെടുത്തിരുന്നു.
എന്റെ ജീവിതം അപകടത്തിലാണ്. കോടതിയിൽ ഇത് അറിയിക്കൂ എന്നാണ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വാനിൽ വച്ച് അർണബ് വിളിച്ചുപറഞ്ഞത്. ഇന്റീരിയർ ഡിസൈനറുടെയും അമ്മയുടെയും ആത്മഹത്യ കേസിൽമൂന്ന് പ്രതികളിലൊരാളാണ് അർണബ്.