പൊതുവഴിയില്‍ ശല്യം; 50000 കാളകളെ വന്ധ്യംകരിക്കും

0
52

ഗാന്ധിനഗര്‍: പൊതുവഴിയില്‍ ശല്യമാകുന്ന കന്നുകാലികളെ വന്ധ്യം കരിക്കാനുള്ള നീക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം അലഞ്ഞുതിരിയുന്ന 50,000 കാളകളെ വന്ധ്യംകരിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് കാബിനറ്റ് മന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.
അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനാണ് തീരുമാനമെന്ന് റുഷികേശ് പട്ടേല്‍ പറഞ്ഞു. സംസ്ഥാനത്തെ എട്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളിലും 156 മുനിസിപ്പാലിറ്റികളിലുമാണ് നടപടി. ഒരു വയസിന് മുകളിലുള്ള കാളകളെയാണ് വന്ധ്യംകരിക്കുക. കൂടാതെ കാളകളെ പരിപാലിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ മേഖലകളിലായി 105ലധികം കന്നുകാലി കുളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നഗരഗ്രാമപ്രദേശങ്ങളില്‍ നിന്ന് അലഞ്ഞുതിരിയുന്ന കാളകളുടെ ശല്യമൊഴിവാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്ധ്യംകരണത്തിന് ശേഷം ഒരാഴ്ചത്തേക്ക് മൃഗങ്ങളുടെ പരിപാലനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. വെറ്ററിനറി ഡോക്ടര്‍മാര്‍, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, ഹാന്‍ഡ്ലര്‍മാര്‍ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്. കൂടാതെ, കാളകളുടെ സഞ്ചാരപാത സൂക്ഷിക്കാന്‍ വന്ധ്യംകരണം കഴിഞ്ഞ് ചെവിയില്‍ ടാഗ് തൂക്കും. വന്ധ്യംകരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഗോമാത പോഷകാഹാര യോജനയില്‍ നിന്ന് സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളിലേക്ക് അയക്കും.