ബി.ജെ.പി നേതാവിനെ 21 കാരൻ വെട്ടിക്കൊന്നു

0
533

ചെന്നൈ: ബിജെപി. തൊഴിലാളിസംഘടനാ നേതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി തെൻതിരുപ്പേരൈ കോട്ടൂർ സ്വദേശിയായ രാമയ്യദാസാണ് (55) മരിച്ചത്. ബിജെപി.യുടെ അസംഘടിത തൊഴിലാളിസംഘടനയുടെ തൂത്തുക്കുടി വെസ്റ്റ് സെക്രട്ടറിയായിരുന്നു. കൊലപാതകം നടത്തിയ യാദവർ സ്ട്രീറ്റിൽ താമസിക്കുന്ന ഇസക്കി (21) ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

വയലിൽ ആട് കയറി വിളവ് തിന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസമാണ് രാമയ്യദാസിന്റെ വയലിൽ ഇസക്കിയുടെ ആടുകയറി വിളവ് തിന്നത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പക ഒടുങ്ങാത്ത ഇസക്കി ചൊവ്വാഴ്ച രാവിലെ തെൻതിരുപ്പേരൈ ബാസാറിൽ ചായക്കടയിൽനിന്നിരുന്ന രാമയ്യദാസിനെ അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. മാരകമായി വെട്ടേറ്റ രാമയ്യദാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

പ്രദേശത്ത് സംഘർഷാവസ്ഥയുള്ളതിനാൽ വൻ പൊലീസ് സന്നാത്തെ വിന്യസിച്ചിട്ടുണ്ട്. രാമയ്യദാസിന്റെ ബന്ധുക്കളും പാർട്ടി പ്രവർത്തകരും ഇസക്കിയുടെ വീട് തകർക്കുകയും രണ്ട് ഇരുചക്രവാഹനങ്ങൾക്കും വൈക്കോൽത്തുറുവിനും തീയിടുകയും ചെയ്തു.