ഗോവ: ബോംബ് ഭീഷണിയെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനം ഉസ്ബക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തില്‍ 238 യാത്രക്കാരാണുണ്ടായിരുന്നത്. അര്‍ദ്ധരാത്രിയോടെയാണ് ഗോവ വിമാനത്താവള ഡയറക്ടര്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാന കമ്പനിയെ വിവരം അറിയിക്കുകയും ഉസ്ബക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിടുകയുമായിരുന്നു. ഗോവയിലെ ഡാബോളിം വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4.15ന് ഇറങ്ങേണ്ടിയിരുന്ന അസൂര്‍ എയറിന്റെ ചാര്‍ട്ടേഡ് വിമാനമാണ് (എഇസഡ് വി2463) വിഴിതിരിച്ചുവിട്ടത്. ബോംബ് ഭീഷണിക്ക് പിന്നാലെ ഗോവ വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
ഉസ്ബക്കിസ്ഥാനില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച ശേഷം അധികൃതര്‍ പരിശോധന നടത്തി. ഇന്ത്യയുടെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിക്കും മുന്‍പ് തന്നെ വിമാനം വഴി തിരിച്ച് വിട്ടു. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്. ഈ മാസം ഇത് രണ്ടാം തവണയാണ് റഷ്യയില്‍ നിന്നുള്ള വിമാനം ബോംബ് ഭീഷണി നേരിടുന്നത്.