ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കായി ധരിച്ച ടിഷര്‍ട്ടിന് വില 41,000 രൂപയാണെന്ന് ബിജെപി. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രാഹുല്‍ ടിഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷര്‍ട്ടിന്റെ വില ഉള്‍പ്പെടുന്ന ചിത്രവും പങ്കുവച്ചത്.
‘ഭാരത്, ദേഖോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ ബിജെപി പങ്കുവച്ചിരിക്കുന്നത്. ബര്‍ബറി എന്ന കമ്പനിയുടെ ടി-ഷര്‍ട്ടാണിത്. 41257 രൂപയാണ് ഈ ടീഷര്‍ട്ടിന്റെ വിലയെന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തില്‍ പറയുന്നു.
ബിജെപിയുടെ കുറിപ്പ് പങ്കുവച്ച്, ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയില്‍ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് മറുപടിയായി കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ചോദിച്ചു. ”പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കില്‍ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ…” – ബിജെപിയുടെ അക്കൗണ്ടിനെ ടാഗ് ചെയ്ത് കോണ്‍ഗ്രസ് ചോദിച്ചു.