വളരെസമയം കാത്ത് നിന്നിട്ടും ബസ് വരാത്തതിനെ തുടർന്ന് യുവാവ് സർക്കാർ ബസ് മോഷ്ടിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് മോഷ്ടിച്ചത്. ബസ് മോഷ്ടിച്ച് തന്റെ ഗ്രാമമായ കൻഡീസയിലേക്ക് പോയ ഇയാളെ ജീവനക്കാരും പൊലീസും മണിക്കൂറുകൾ തെരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്.
രാവിലെ ബസെടുക്കാൻ ഡ്രൈവർ എത്തിയപ്പോഴാണ് ബസ് കാണാതായ കാര്യമറിയുന്നത്.
തുടർന്ന് ഡിപ്പോ അധികൃതരെ വിവരമറിയിച്ചു. ജീവനക്കാർ തെരച്ചിൽ നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടർന്ന് അധികൃതർ പൊലീസിൽ പരാതിനൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്ക് ശേഷം കൻഡീസ ഗ്രാമത്തിൽ ബസ് കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ താനാണ് ബസ് മോഷ്ടിച്ചതെന്ന് യുവാവ് സമ്മതിച്ചു. മദ്യലഹരിയിലായിരുന്നു താൻ എന്നും ഇയാൾ പറഞ്ഞു. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിനു കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.