കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 ന് ആരംഭിക്കും

0
574

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

പ്രാഥമിക ഘട്ടത്തിൽ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും കോവിഡ് പോരാളികൾക്കുമാണ് വാക്‌സിൻ നൽകുക. അതിനു ശേഷം 50 വയസിനു മുകളിൽ പ്രായമുള്ളവർക്കും മറ്റു രോഗങ്ങളുള്ളവർക്കും വാക്‌സിൻ ലഭ്യമാക്കും. ഏതാണ്ട് 27 കോടിയോളം പേർക്കാണ് ഇത്തരത്തിൽ വാക്‌സിൻ നൽകുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേരളത്തിലും 16 ന് തന്നെ വാക്സിൻ വിതരണം തുടങ്ങും. സംസ്ഥാനത്ത് 133 വാക്സിൻ വിതരണ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റു ജില്ലകൾ ഒമ്പത് വീതം എന്നിങ്ങനെയാണ് വാക്സിൻ വിതരണ കേന്ദ്രങ്ങൾ. ആദ്യദിനം 13,300 പേർക്ക് വാക്സിൻ നൽകും. ഓരോ കേന്ദ്രത്തിലും നൂറുപേർ വീതമായിരിക്കും വാക്സൻ നൽകുക.

വാക്‌സിൻ വിതരണത്തിന് മുമ്പായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ മാസം 11 ന് ചർച്ച നടത്തിയേക്കും. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ഓക്സ്ഫഡ് അസ്ട്രാ സെനകയുടെ കോവീഷീൽഡ്, ഇന്ത്യ പ്രാദശികമായി നിർമിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.