കർഷകസമരം അമ്പതാം ദിവസത്തിലേക്ക്, പ്രക്ഷോഭം കരുത്താർജിക്കുന്നു

0
1298

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക് കടന്നു. പ്രതികൂല കാലാവസ്ഥയെപ്പോലും വകവെയ്ക്കാതെയാണ് പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കർഷകർ സമരത്തിൽ പങ്കെടുക്കുന്നത്.

സുപ്രീംകോടതി നിയമിച്ച നാലംഗ സമിതി അംഗങ്ങൾ കാർഷിക നിയമങ്ങൾക്കനുകൂല നിലപാട് എടുക്കന്നവരായതിനാൽ അവർക്ക് മുമ്പിൽ ഹാജരാകില്ലെന്ന് കർഷകസംഘടനകൾ നേതാക്കൾ അറിയിച്ചു. വെള്ളിയാഴ്ച സർക്കാരുമായി ഒമ്പതാം വട്ട ചർച്ചയുണ്ട്. ഉത്തരേന്ത്യയിലെ ലോഹ്റി ആഘോഷത്തോട് അനുബന്ധിച്ച് കർഷകസംഘടനകൾ ഇന്നലെ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിച്ചു. രാജ്യത്തെ ഇരുപതിനായിരത്തോളം കേന്ദ്രങ്ങളിൽ നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ചുവെന്ന് കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ട്രാക്ടർ റാലി സംഘടിപ്പിക്കും എന്ന് നേരത്തെ തന്നെ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. 18ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മഹിളാകിസാൻ ദിവസ് ആചരിക്കും.