ഭോപാല്‍: കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് അമ്മയുടെ മടിയില്‍ കിടന്ന് അഞ്ചു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. അസുഖബാധിതനായ കുട്ടിയെയും കൊണ്ട് മണിക്കൂറുകളോളം ആശുപത്രിയില്‍ കാത്തിരുന്നിട്ടും ഡോക്ടര്‍മാരോ ആരോഗ്യപ്രവര്‍ത്തകരോ കുട്ടിയെ നോക്കാന്‍ പോലും തയ്യാറായില്ലെന്ന് പിതാവ് സഞ്ജയ് പാന്ദ്രെ പറഞ്ഞു.
കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ എത്തിയില്ലെന്നും പരാതിയുണ്ട്.
സംഭവത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടറോട് വിശദീകരണം തേടി. ഭാര്യ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് കൃത്യ സമയത്ത് എത്തിച്ചേരാന്‍ സാധിക്കാതിരുന്നതെന്നാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണമെന്നുമാണ് റിപ്പോര്‍ട്ട്.