രാജ്കോട്ട്: കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആറ് രോഗികൾ മരിച്ചു.
ഗുജറാത്തിലെ രാജ്കോട്ടിൽ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്.തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളാണ് പൊള്ളലേറ്റ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുപ്പതോളം പേർ സുരക്ഷിതരാണ്.
മാവ്ദിയിലെ ഉദയ് ശിവാനന്ദ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്. 33 പേരുള്ള ആശുപത്രിയിൽ ഏഴ് പേർ ഐസിയുവിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു തീപിടുത്തം.
സംഭവമറിഞ്ഞയുടൻ ആശുപത്രിയിൽ എത്തി 30 പേരെ രക്ഷപ്പെടുത്തിയതായി അഗ്‌നിശമന സേന ഓഫീസർ ജെബി തെവ പറഞ്ഞു. അഹമ്മദാബാദ്, ജാംനഗർ, വഡോദര, സൂറത്ത് എന്നിവിടങ്ങളിലും സമാനമായ അപകടങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.