സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ‘രാജ്യസ്നേഹത്തിന്റെ’ പുതിയ ‘നിര്‍ദേശ’ങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി എല്ലാവരും സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ പ്രൊഫൈല്‍ പിക്ചറുകള്‍ മാറ്റണമെന്നും പകരം ത്രിവര്‍ണ പതാകയുടെ ചിത്രം വെക്കണമെന്നുമാണ് മോദിയുടെ പുതിയ അഭ്യര്‍ത്ഥന.
ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള കാലയളവില്‍ പ്രൊഫൈല്‍ പിക്ചറുകള്‍ മാറ്റണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. മന് കി ബാത്ത് പരിപാടിയിലായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് 75 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പേര് മാറ്റി സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും മോദി പറഞ്ഞു.
രാജ്യത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന എല്ലാ പരിപാടികളിലും എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നായിരുന്നു പലരുടേയും പ്രതികരണം.