വിവാഹമോചിതരുടെ മക്കളുടെ സംരക്ഷണം, നിയമ പരിഷ്‌കരണം ഉടന്‍

0
20

ന്യൂഡല്‍ഹി: വിവാഹമോചിതരുടെ മക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിയമകമ്മിഷന്‍ നല്‍കിയ ശുപാര്‍ശ അടുത്ത സമ്മേളനങ്ങളില്‍ അവതരിപ്പിക്കുമെന്ന് സൂചന.

മൈനറായവരുടെ രക്ഷാകര്‍ത്തൃത്വത്തിലും സംരക്ഷണത്തിലും അച്ഛനും അമ്മയ്ക്കും തുല്യപങ്ക്, കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അച്ഛന്റെയും അമ്മയുടെയും സാന്നിധ്യം ഒരുപോലെ ഉറപ്പാക്കുക, മുത്തച്ഛനും മുത്തശ്ശിക്കും കുട്ടിയെ പരിചരിക്കാന്‍ അവസരമൊരുക്കുക തുടങ്ങിയവാണ് കമ്മിഷന്‍ ശുപാര്‍ശകള്‍.

നിയമകമ്മിഷന്റെ 257ാം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1890ലെ ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ് നിയമവും 1956ലെ ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് നിയമവും ഭേദഗതി ചെയ്യാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചു. ഈ ഭേദഗതി 1869ലെ ഇന്ത്യന്‍ വിവാഹമോചന നിയമം, 1936ലെ പാഴ്സി വിവാഹവിവാഹ മോചന നിയമം, 1955ലെ ഹിന്ദു വിവാഹനിയമം എന്നിവയിലും ബാധകമാക്കും.
ഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ 2015ല്‍ തയ്യാറാക്കിയ ബില്‍ പഠിക്കാന്‍ നിയമമന്ത്രാലയത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഭേദഗതികള്‍

  • 1956ലെ ഹിന്ദു രക്ഷാകര്‍തൃത്വ നിയമപ്രകാരം വിവാഹമോചിതരാവുന്ന ദമ്പതിമാരുടെ ‘മൈനറായ മകന്റെയും അവിവാഹിതയായ മകളുടെയും രക്ഷാകര്‍ത്താവ് അച്ഛനും അതുകഴിഞ്ഞാല്‍ അമ്മയും’ ആണ്. പുതിയ നിയമത്തില്‍ ഇത് ‘രക്ഷാകര്‍ത്താവ് അച്ഛനും അമ്മയും’ എന്നാക്കി മാറ്റും.
  • നിലവിലെ നിയമത്തില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മയ്ക്കെന്നാണ്. കോടതി സംയുക്തസംരക്ഷണം അനുവദിച്ചില്ലെങ്കില്‍മാത്രം അമ്മയ്ക്ക് എന്നാകും ഭേദഗതി.
  • 1890ലെ നിയമത്തില്‍ കുട്ടിയുടെ സാഹചര്യം നോക്കി രക്ഷാകര്‍ത്തൃത്വം അനുവദിക്കണമെന്നാണുള്ളത്. ഇത് കുട്ടിയുടെ പരമമായ ക്ഷേമം കണക്കിലെടുത്ത് എന്നാക്കും.
  • സംരക്ഷണം മാറ്റിനല്‍കാനുത്തരവിട്ടാല്‍ കുട്ടിയെ അറസ്റ്റുചെയ്ത് കൈമാറണമെന്ന ഭാഗവും മാറ്റും. 14 വയസ്സിനു മുകളിലാണെങ്കില്‍ കുട്ടിയുടെ അഭിപ്രായവും ഇക്കാര്യത്തില്‍ പരിഗണിക്കണം.

കുട്ടിയുടെ സംയുക്ത സംരക്ഷണം

  • കുട്ടി ഓരോ രക്ഷാകര്‍ത്താവിനൊപ്പവും തുല്യസമയം ചെലവഴിക്കണം. അല്ലെങ്കില്‍ സമയം കോടതി പ്രത്യേകമായി നിശ്ചയിക്കണം. നേരത്തേ രക്ഷാകര്‍ത്താവ് അച്ഛനും സംരക്ഷണം അമ്മയുമായിരുന്നപ്പോള്‍ ചെലവ് വഹിക്കേണ്ടിയിരുന്നത് അച്ഛനായിരുന്നു. ഇനിയിത് അമ്മയുടെകൂടി ഉത്തരവാദിത്വമാവും.
  • സംയുക്ത സംരക്ഷണത്തിനായി രക്ഷാകര്‍ത്താക്കള്‍ക്ക് കോടതിയില്‍ മുന്‍കൂട്ടി പദ്ധതി സമര്‍പ്പിക്കാം.

  • രക്ഷാകര്‍ത്തൃ പദ്ധതിയില്‍ പിന്നീടു തര്‍ക്കമുണ്ടായാല്‍ കോടതി വ്യവഹാരമില്ലാതെ മധ്യസ്ഥതയാകാം. മധ്യസ്ഥതയുടെ യോഗ്യതകളും പുതിയ ഭേദഗതിയിലുണ്ട്.
  • കുട്ടിയെ ഒരു സ്ഥലത്തുനിന്നു മാറ്റുകയാണെങ്കില്‍ 30 ദിവസംമുമ്പ് രണ്ടാം രക്ഷാകര്‍ത്താവിനെ അറിയിക്കണം. തര്‍ക്കമുണ്ടായാല്‍ കോടതിയെയോ മധ്യസ്ഥനെയോ ഇക്കാര്യം ബോധ്യപ്പെടുത്തണം.

രണ്ടു രക്ഷാകര്‍ത്താക്കളുടെയും അര്‍ഥവത്തായ ഇടപെടല്‍ കുട്ടിക്കു ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ മാറ്റങ്ങളെന്ന് ബില്‍ നിരീക്ഷിക്കുന്നു. മാത്രവുമല്ല, കുട്ടിയുടെ സംരക്ഷണവും കരുതലും വികാസവും ഉറപ്പുവരുത്താന്‍ രക്ഷാകര്‍ത്താക്കള്‍ രണ്ടുപേരും അവരവരുടെ കടമയും ഉത്തരവാദിത്വവും ഒരുപോലെ ഉപയോഗിക്കുകയാണ് നിയമം മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത്.