മദര്‍ തെരേസയുടെ ഖബറിടം സന്ദര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍

0
37

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ.

ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഒരു വ്യക്തിയായിരുന്നു മദര്‍ തെരേസ. ആത്മീയതയിലും കാരുണ്യ പാതയിലും തന്റേതായ രീതിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മദര്‍ തെരേസ ലോകസമാധാനത്തിന് വേണ്ടി പോരാടുകയും ചെയ്ത ഒരു അതുല്യ വനിതയായിരുന്നുവെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പറഞ്ഞു.

നാം ഓരോരുത്തരും പിന്തുടരേണ്ട പാതയാണ് ആ മഹത് വ്യക്തിത്വം കാണിച്ചു തന്നത്. ആ പാതയിലൂടെ ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്‍ക്കട്ട കത്തീഡ്രലിന്റെ 75-ാം വാര്‍ഷികത്തിന് നേതൃത്വം നല്‍കാന്‍ കൊല്‍ക്കത്തയിലെത്തിയതായിരുന്നു മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ. ബാവയോടൊപ്പം കൊല്‍ക്കത്ത ഭദ്രാസന അധിപന്‍ അലക്‌സിയോസ് മാര്‍ യൂസേബിയോസ് തിരുമേനി, കൊല്‍ക്കത്ത കത്തീഡ്രല്‍ വികാരി ഫാ. അനില്‍, ഭിലായ് മിഷന്‍ ട്രസ്റ്റി ഫാ. അജു, ബാവായുടെ സെക്രട്ടറി ഡീക്കന്‍ ജോമോന്‍, കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ് ഫിലിപ്പ് , കണ്‍വീനര്‍ ജോസ് മുക്കത്തു, ജോയിന്റ് കണ്‍വീനര്‍ ജേക്കബ് മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.