നവംബർ 26 ന് സമ്പൂർണ്ണ ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 25ന് അർധരാത്രി 12 മുതൽ 26ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കിൽ 10 ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പങ്കെടുക്കും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച അസംഘടിത മേഖലയിലെ തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ബുധനാഴ്ച വൈകിട്ട് തൊഴിൽ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങളുണ്ടാകും.