പ്രണബ് മുഖർജി വെന്റിലേറ്ററിൽ,ആരോഗ്യനിലയിൽ പുരോഗതിയില്ല

0
1461

ന്യൂഡൽഹി: മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല. ബ്രെയിനിൽ ബ്ലീഡിങ് ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് 84 കാരനായ മുഖർജിയെ കരസേനയുടെ റിസർച്ച് ആൻഡ് റഫറൽ(ആർ ആൻഡ് ആർ) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിൽ പ്രണബ മുഖർജിക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം സദാസമയം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.

മുൻ രാഷ്ട്രപതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കമുണ്ടായവർ നിരീക്ഷണത്തിൽ പോകണമെന്ന് പ്രണബ് മുഖർജിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡൽഹി കന്റോൺമെന്റിലെ ആർ ആൻഡ് ആർ ആശുപത്രിയിലെത്തി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയെപ്പറ്റി അധികൃതരോട് സംസാരിച്ചിരുന്നു.