വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക്

0
55

മുംബൈ: വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. അച്ചടക്കനടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേര്‍ത്തുള്ള പിഴപ്പലിശരീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു.

പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല.  2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ വ്യത്യാസം പാടില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.