ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികർക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ പാർഗൽ സൈനിക ക്യാമ്പിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു ആക്രമണം. ചാവേർ ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു
പ്രദേശത്ത് ഭീകരർ നുഴഞ്ഞു കയറാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ സുരക്ഷാ സേന വ്യാപക പരിശോധന നടത്തിവരികയാണ്. ഇന്ന് രാവിലെ പരിശോധനയ്ക്കിടെ രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടികടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ പിടികൂടാൻ നടത്തിയ ശ്രമത്തിനൊടുവിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചോളം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ അടുത്തുള്ള സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സ്ഥിരീകരിച്ച സൈന്യം കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്ഊ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സൈന്യത്തെ അയച്ചതായി സൈനിക വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.