ട്രാൻസ്‌ജെൻഡർ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, പ്രതി അറസ്റ്റിൽ

0
131

ഇൻഡോർ: ട്രാൻസ്‌ജെൻഡർ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോറിലെ സ്‌കീം നമ്പർ 134 ഏരിയയിൽ ചൊവ്വാഴ്ചയാണ് പാതി മുറിച്ചുമാറ്റിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞമാസം 28 മുതൽ കാണാതായ സോയ കിന്നർ ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ മുകൾഭാഗം ഇല്ലാത്തതിനാൽ ഇരയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല.

മൃതദേഹത്തിന് വലിയ പഴക്കമില്ലാത്തതിനാൽ ആ ദിവസങ്ങളിൽ കാണാതായവരുടെ ലിസ്റ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് സോയയാണെന്ന് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹത്തിന്റെ ബാക്കി ഭാഗം പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന പ്രതി സോഷ്യൽ മീഡിയ വഴിയാണ് ട്രാൻസ്‌ജെൻഡർ യുവതിയെ പരിചയപ്പെടുന്നത്. നേരിട്ട് കാണുന്നതിന് വേണ്ടി സോയയെ വീട്ടിലേക്ക് ക്ഷണിച്ചു.

എന്നാൽ സോയ ട്രാൻസ്ജെൻഡറാണെന്ന് നൂർ മുഹമ്മദ് മനസിലാക്കിയതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും, തുടർന്ന് മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് ഇയാൾ സോയയുടെ മൃതദേഹം രണ്ടായി മുറിച്ച് ഒരു കഷണം ചാക്കിൽ നിറച്ച് ബൈപ്പാസിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മറുഭാഗം വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിക്കുകയും ചെയ്യുകയായിരുന്നു.