ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കർഷകർക്കാശ്വാസമാകുന്ന വിധി പുറപ്പെടുവിച്ചത്. പ്രശ്നത്തിന് പരിഹാരം കാണാനായി ഹർമിസ്രത് മൻ, കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി, നാഷണൽ അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെന്റ് മുൻ ഡയറക്ടർ ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ധനാവത് എന്നിവരെ ഉൾപ്പെടുത്തി സമിതിയും കോടതി രൂപീകരിച്ചു.
കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും പ്രശ്നപരിഹാരത്തിനായി സമിതി രൂപീകരിക്കുമെന്നും വാദത്തിനിടെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ അഭിഭാഷകർ മുഖേന കോടതിയെ അറിയിച്ചിരുന്നു. അതേസമയം അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കർഷകർ ആഗ്രഹിക്കുന്നതെങ്കിൽ അത് ചെയ്യാമെന്ന് കോടതി അറിയിച്ചു.
പ്രശ്നം പരിഹരിക്കപ്പെടണം എന്നാഗ്രഹിക്കുന്ന എല്ലാവരും കമ്മിറ്റിക്ക് മുമ്പിലെത്തണം. കമ്മിറ്റി നിങ്ങളെ ശിക്ഷിക്കില്ല. ഒരുത്തരവ് പുറപ്പെടുവിക്കുകയുമില്ല. അവർ ഞങ്ങൾക്ക് റിപ്പോർട്ട് നൽകുകയാണ് ചെയ്യുക. സംഘടനകളുടെ അഭിപ്രായമെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വ്യക്തമായ ചിത്രം കിട്ടാൻ വേണ്ടിയാണ് സമിതി രൂപീകരിക്കുന്നത്- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.