ആശുപത്രിയ്ക്കായി പ്രധാനമന്ത്രിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാർഥികൾ

0
17

ഞങ്ങൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വേണം പ്രധാനമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തുമായി വിദ്യാർത്ഥികൾ. ഉത്തര കന്നഡ ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് വിദ്യാർത്ഥികൾ കത്തെഴുതിയത്.

കഴിഞ്ഞ ദിവസം കൃത്യമായി ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന് ജില്ലയിലെ ഹൊന്നാവർ സ്വദേശികളായ നാലു പേർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിൽ ആധുനിക സേവനങ്ങളുള്ള ആശുപത്രി വേണമെന്ന ആവശ്യം ശക്തമായത്.

ഈ ആവശ്യം മോദി സർക്കാർ അംഗീകരിക്കുന്നതു വരെ രക്തത്തിൽ കത്തെഴുതുന്നത് തുടരുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. ഉടൻ തന്നെ ആശുപത്രി അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി.

അടിയന്തിര ഘട്ടങ്ങളിൽ ചികിത്സക്കായി ഗോവ, ഹുബ്ബള്ളി, ഉഡുപ്പി, മംഗളൂരു എന്നിവടങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു. വിധ സംഘടനകളിലെ വിദ്യാർത്ഥികൾ ചേർന്നാണ് പ്രതിഷേധം നടത്തിയത്.

കർവാറിലെ മഹാത്മാഗാന്ധി റോഡിൽ തടിച്ചുകൂടിയ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും പിന്നീട് രക്തം കൊണ്ട് എഴുതി തയ്യാറാക്കിയ കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു.