മുല്ലപ്പെരിയാര്‍ ഡാം: പത്ത് ഷട്ടറുകള്‍ തുറന്നു

0
12

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 10 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് വി1 വി5 വി6 വി10 എന്നീ ഷട്ടറുകള്‍ തുറന്നത്. ആകെ 1870 ഘനയടി ജലം പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി ഡാമിലെത്തും.
പാലക്കാട് മലമ്പുഴ, കൊല്ലം തെന്മല ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങല്‍കുത്തില്‍നിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നില്ല. പരിഭ്രാന്തി വേണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മുന്നറിയിപ്പില്ല.
കണ്ണൂരില്‍ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂര്‍-മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടില്‍ വിവിധയിടങ്ങളില്‍ സ്റ്റേ ബോട്ടുകള്‍ തയാറാക്കിയിട്ടുണ്ട്.