സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ഇനി നിയമനടപടിക്കില്ലെന്ന് പരാതിക്കാരി

0
32

പ്രായവും ആരോഗ്യവും കണക്കിലെടുത്ത് സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഇനി നിയമനടപടിക്കില്ലെന്ന് പരാതിക്കാരി. മറ്റുള്ളവരുടെ കേസില്‍ റിപ്പോര്‍ട്ട് തള്ളണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കും എ.പി. അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം.

ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചും അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ചും പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമെന്നാണ് സിബിഐ കണ്ടെത്തിയത്.

ഇതോടെ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.