17 വയസ് പൂര്‍ത്തിയായാല്‍ വോടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമിഷന്‍

0
93

ന്യൂഡെല്‍ഹി: 17 വയസ് പൂര്‍ത്തിയായാല്‍ വോടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാം. ഇതോടെ, വോടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല.

പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങള്‍ തയാറാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് കമിഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമിഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്തെ പൗരന്മാര്‍ക്ക് വോട് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമിഷന്‍ നല്‍കുന്ന രേഖയാണ് വോടര്‍ ഐഡി കാര്‍ഡ്. എന്നാല്‍ വോടര്‍ ഐഡി കാര്‍ഡ് ഉണ്ടെങ്കിലും പലരുടെയും പേര് വോടര്‍ പട്ടികയില്‍ ഉണ്ടാകണമെന്നില്ല. വോടര്‍ ഐഡി കാര്‍ഡ് ഉണ്ടായിട്ടും വോടേഴ്സ് ലിസ്റ്റില്‍ പേരില്ലെങ്കില്‍ വോട് ചെയ്യാന്‍ സാധിക്കുകയില്ല.

സംസ്ഥാനത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ടികറാം മീണയുടെ പേര് വോടര്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് വോട് ചെയ്യാനും കഴിഞ്ഞിരുന്നില്ല.