എട്ടു വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 49കാരന് 40 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും

0
35

പുനലൂര്‍: എട്ടു വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 49കാരന് 40 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജില്ല ജഡ്ജി എം. മുഹമ്മദ് റയീസ് ആണ് ശിക്ഷ വിധിച്ചത്.

കുളത്തൂപ്പുഴ തിങ്കള്‍കരിക്കകം വേങ്ങവിള വീട്ടില്‍ കെ. ഷറഫുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക ഒടുക്കാത്ത പക്ഷം 18 മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി.

2020 മേയ് മാസത്തിലാണ് സംഭവം. കുളത്തൂപ്പുഴ എസ്.ഐയായിരുന്ന വി. ജയകുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.ഐമാരായിരുന്ന എസ്.എല്‍. സുധീഷ്, എസ്. ഷാനവാസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത്ത് കോടതിയില്‍ ഹാജരായി.