കണിച്ചുകുളങ്ങര: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തൊമ്പതുകാരി മരിച്ചു. ഭർത്താവിന് ഗുരുതര പരുക്ക്.
ചേർത്തലയിൽ തിരുവിഴ ജങ്ഷനുസമീപമാണ് ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചത്. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസിൽ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ(19)യാണ് മരിച്ചത്. അനന്തുവിനും (22) ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവർക്കും പരിക്കേറ്റു.
ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ചേർത്തല ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പൂർണ്ണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി.