ടോറസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു

0
19

തൃശൂര്‍: ടോറസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. പാറക്കടവ് കുറുമശേരി ഗ്രൗണ്ടിന് സമീപം താവടത്ത്പറമ്പില്‍ വീട്ടില്‍ കുമാരന്റെ മകന്‍ ടി.കെ.സജീവ് (52), സജീവിന്റെ ഭാര്യ സിമി (39) എന്നിവരാണ് മരിച്ചത്

കഴിഞ്ഞദിവസം വൈകിട്ട് 6.20ഓടെ ചിറങ്ങര സിഗ്നലിന് അടുത്തായിരുന്നു അപകടം. സിഗ്നല്‍ തെളിഞ്ഞയുടന്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നോട്ടെടുത്തതോടെ ഇടതു വശത്തെ സര്‍വീസ് റോഡില്‍ നിന്ന് മറ്റൊരു വാഹനം ദേശീയപാതയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. അതോടെ സ്‌കൂട്ടര്‍ വലത്തോട്ട് ഒതുക്കുകയും ഈ സമയം പിറകില്‍ വന്ന ടോറസ് സ്‌കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

സജീവ് അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അവശനിലയിലായ സിമിയെ കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സിമിയുടെ ചിറങ്ങരയിലുള്ള വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ദുരന്തം.സജീവ് മരപ്പണിക്കാരനാണ്. കുറുമശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരിയാണ് സിമി. മക്കള്‍: ആരോമല്‍ (സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി), അര്‍ജുന്‍ ( ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി, എന്‍.എസ്.എസ് പാറക്കടവ്). ഇരുവരുടെയും മൃതദേഹങ്ങള്‍ അപ്പോളോ ആശുപത്രി മോര്‍ച്ചറിയില്‍.