തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് 52,78,000 രൂപ നഷ്ടപരിഹാരം വിധിച്ച് തിരൂർ വാഹനാപകട നഷ്ടപരിഹാര കോടതി. റോഡരികിലൂടെ നടന്നുപോകുമ്പോൾ ഗുഡ്സ് ഓട്ടോയിടിച്ച് നട്ടെല്ലുതകർന്ന് കിടപ്പിലായ യുവാവിനാണ് കോടതി ഇത്രയും വലിയ തുക നഷ്ടപരിഹാരം വിധിച്ചത്.
34കാരനായ മുന്നിയൂർ സ്വദേശി വടക്കുമ്പാട്ട് ബിജുവിന് ഇൻഷൂറൻസ് കമ്പനി 52,78,000 രൂപ നഷ്ടപരിഹാരവും ബാക്കി പലിശയടക്കം മൊത്തം 68 ലക്ഷം രൂപയും നൽകണമെന്നാണ് തിരൂർ മോട്ടോർ വാഹനപകട നഷ്ടപരിഹാര കോടതി ജഡ്ജിയുമായ ടി. മധുസൂദനൻ വിധിച്ചത്.
2016 ജൂലായ് 26-നാണ് അപകടമുണ്ടായത്. പാറക്കടവ് കുറ്റിക്കാട് റോഡരികിലൂടെ ബിജു നടന്നുപോകുമ്പോഴായിരുന്നു അപകടം. ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സ് കഴിഞ്ഞ ബിജു ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴുമാസമേ ആയിരുന്നുള്ളൂ.
നട്ടെല്ലിന് പരുക്കേറ്റ് ശരീരം തളർന്ന ബിജുവിന് നാലേകാൽ ലക്ഷം രൂപയാണ് ആശുപത്രിയിൽ ചെലവായത്. ഇപ്പോഴും നടക്കാനാകില്ല. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ പി.എം. സബീന, കെ.പി. അനിൽകുമാർ എന്നിവർ ഹാജരായി.