യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

0
40

ഇടുക്കി: യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേല്‍ ജിനീഷ് എന്‍ വി, പാമ്പാടുംപാറ സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്.

വ്യക്തി വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരെയാണ് ബൈക്കില്‍ എത്തിയ പ്രതികള്‍ ആസിഡ് ആക്രമണം നടത്തിയത്. മെഡിക്കല്‍ഷോപ്പ് അടച്ച് വീട്ടിലേക്കുള്ള യാത്രാമധ്യേ ലൈജു സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടത്തിയത്. മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. ശേഷം കണ്ണിന് സാരമായ പരുക്കേറ്റതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.