നടി അര്‍പ്പിതയുടെ മറ്റൊരു ഫ്ളാറ്റിലും നോട്ടുവേട്ട; ഇതുവരെ പിടിച്ചത് 40 കോടിയോളം

0
22

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിതാ മുഖര്‍ജിയുടെ ബെല്‍ഘാരിയയിലെ ഫ്ളാറ്റില്‍ ഇ.ഡി. അധികൃതര്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ കൂടുതല്‍ പണം പിടിച്ചു.
പൂട്ട് പൊളിച്ചുകടന്നാണ് ഈ ഫ്ളാറ്റില്‍ പരിശോധന നടത്തിയത്. ഒരു ഷെല്‍ഫില്‍ ചാക്കുകെട്ടില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. 15 കോടിയിലേറെ രൂപ വരുമെന്ന് അധികൃതര്‍ പറഞ്ഞു. ബാങ്ക് ജീവനക്കാരെയും നോട്ടെണ്ണല്‍ യന്ത്രങ്ങളുമെത്തിച്ച് എണ്ണാന്‍ തുടങ്ങിയിട്ടുണ്ട്. സ്വര്‍ണക്കട്ടികളും ആഭരണങ്ങളും നോട്ടുകെട്ടുകള്‍ക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അവരെ അറസ്റ്റുചെയ്തത്.
അതിനിടെ ഇ.ഡി.യുടെ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി പാര്‍ഥയെയും അര്‍പ്പിതയെയും വീണ്ടും വിശദമായി ചോദ്യംചെയ്തതായി അധികൃതര്‍ പറഞ്ഞു. ഇരുവര്‍ക്കും വൈദ്യപരിശോധനയും നടത്തി. തന്റെ ഫ്ളാറ്റുകള്‍ മന്ത്രിയും സംഘവും ഒരു മിനി ബാങ്കുപോലെയാണ് കരുതിയിരുന്നതെന്ന് അര്‍പ്പിത ഇ.ഡി. അധികൃതര്‍ക്ക് മൊഴി നല്‍കിയതായി വിവരമുണ്ട്.
അതിനിടെ പാര്‍ഥ ചാറ്റര്‍ജിയുടെ രാജിക്കാര്യത്തില്‍ തീരുമാനം നീളുന്നു. രാജിവെക്കാന്‍ തക്ക കാരണമെന്തെന്നായിരുന്നു ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോടുള്ള മന്ത്രിയുടെ പ്രതികരണം.
തന്റെ ഔദ്യോഗിക വാഹനം ചൊവ്വാഴ്ച മന്ത്രി തിരിച്ചയച്ചിരുന്നു. ഇത് ഊഹാപോഹങ്ങള്‍ക്കിടയാക്കിയതിനാലാണ് മന്ത്രിയോട് രാജിക്കാര്യത്തെപ്പറ്റി ചോദ്യമുണ്ടായത്. എന്നാല്‍, താന്‍ സ്വമേധയാ ഒഴിയുന്നില്ലെന്ന സൂചനയാണ് മന്ത്രി നല്‍കിയത്. പത്തുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിലായതിനാല്‍ വാഹനത്തിന് ഉപയോഗമില്ലാത്തതിനാല്‍ തിരിച്ചയച്ചു എന്നാണ് പാര്‍ഥയോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പാര്‍ഥയുടെ കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വൈകാതെ തീരുമാനമെടുക്കേണ്ടിവരുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. സംഭവിച്ച കാര്യങ്ങള്‍ വളരെ മോശമായിപ്പോയെന്നും തുടര്‍ന്നുള്ള പാര്‍ട്ടിതീരുമാനം വഴിയേ അറിയിക്കാമെന്നുമാണ് വക്താവായ കുനാല്‍ഘോഷ് പ്രതികരിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മന്ത്രിസഭയുടെ യോഗം സംസ്ഥാന സെക്രട്ടേറിയറ്റായ ‘നബന്ന’യില്‍ ചേരുന്നുണ്ട്. മന്ത്രി പാര്‍ഥയുടെ ഭാവി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടായേക്കാം