മരംവീണു, ആംബുലൻസ് ദേശീയ പാതയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

0
523

അടിമാലി: ആംബുലൻസ് വഴിയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ദേശീയപാതയിൽ മരം വീണ് ഗതാഗതം സ്തംഭിച്ചതോടെ അടിമാലി മന്നാങ്കാല ചിറയിലാൻ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവി (57) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽപ്പെട്ട വാളറ മൂന്നു കലുങ്കിനടുത്തായിരുന്നു
ദുരന്തം.

ശസ്ത്രക്രിയയ്ക്കു വിധേയായ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന ബീവിയുടെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാൽ വാളറ മൂന്നു കലുങ്കിന് സമീപം ആംബുലൻസിന് മുമ്പിൽ മരം കടപഴുകി വീഴുകയായിരുന്നു.

15 മിനിറ്റോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചതോടെ ആംബുലൻസ് റോഡിൽ കുടുങ്ങി. ഇതിനിടെ വീട്ടമ്മ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ഫൈസൽ, ഷെമീന, ഹസീന. മരുമക്കൾ: അൽത്താന, റഹിം, നവാസ്. കബറടക്കം ഇന്ന് അടിമാലി ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.