ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തത് മൂലം രോഗി മരിച്ചു, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

0
37

കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തത് മൂലം കൃത്യസമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഫറോക്ക് കരുവന്‍തിരുത്തി എസ് പി ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്.

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കോയമോനെ കൊണ്ടുപോയ ആംബുലന്‍സിന്റെ വാതിലാണ് തുറക്കാന്‍ കഴിയാതിരുന്നത്. റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ സ്‌കൂട്ടര്‍ ഇടിച്ച കോയമോനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ രണ്ടു പേരും ആംബുലന്‍സിനകത്ത് ഉണ്ടായിരുന്നു.

അവസാനം മഴുകൊണ്ട് ആംബുലന്‍സിന്റെ വാതില്‍ വെട്ടിപ്പൊളിച്ചാണ് കോയമോനെ പുറത്തെടുത്ത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അരമണിക്കൂറോളം കോയമോന്‍ ആംബുലന്‍സിനകത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ ആരോപിച്ചു.