ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം

0
22

ആലപ്പുഴ: ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശിയായ ജസ്റ്റിനാണ് തന്നെ പൊലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.

കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് ഇടിച്ചെന്നും കുത്തിയതോട് സ്റ്റേഷനിലുണ്ടായിരുന്ന രണ്ടു പൊലീസുകാരാണ് തന്നെ അക്രമിച്ചെന്നും ജസ്റ്റിന്‍ പരാതിയില്‍ പറയുന്നു.

മുഖത്തടിച്ച പൊലീസുകാരനോട് തല്ലിയതിന്റെ കാരണം ചോദിച്ചപ്പോഴാണ്
കുനിച്ച് നിര്‍ത്തി മുതുകത്ത് ചുറ്റിക കൊണ്ട് ഇടിച്ചത്. കുറേ കഴിഞ്ഞ് എനിക്ക് വയ്യാതായപ്പോള്‍ പൊലീസ് ആംബുലന്‍സ് വിളിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് ഭീഷണിപ്പെടുത്തി” – ജസ്റ്റിന്‍ പറഞ്ഞു.

ഞങ്ങള്‍ ഇടിച്ചതാണെന്ന് ഡോക്ടറോട് പറഞ്ഞാല്‍ നിന്റെ വീട്ടില്‍ കയറി ഇറങ്ങും. ഓട്ടോയില്‍ കഞ്ചാവോ മറ്റോ വെച്ച് പിടികൂടി ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത നിലയിലാക്കി കളയും” എന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായി ജസ്റ്റിന്‍ പറഞ്ഞു. ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തപ്പോള്‍ വാരിയെല്ലിന് പൊട്ടലുണ്ടെന്നാണ് പറഞ്ഞതെന്ന് ജസ്റ്റിന്‍ പറഞ്ഞു. ”നിനക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. ഞങ്ങള്‍ രണ്ട്, മൂന്ന് തവണ കയറി ഇറങ്ങുമ്പോള്‍ എന്താണ് നാട്ടുകാര്‍ പറയുകയെന്ന് ഓര്‍ക്കണം” എന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് ജസ്റ്റിന്റെ ഭാര്യ മഞ്ജുവും പറഞ്ഞു.