തൃശൂർ: ബാങ്കുമാനേജരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. എസ് ബി ഐ ബ്രാഞ്ച് മാനേജർ കണ്ണൂർ പയ്യാമ്പലം സ്വദേശി വി.പി. രാജേഷിനെയാണ് (44) കാട്ടൂർ കതിരപ്പിള്ളി വിജയരാഘവൻ (64) കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തലയ്ക്കടിച്ചത്. വായ്പ നഷ്ടപ്പെട്ടതിനു കാരണം ബാങ്ക് മാനേജരാണെന്ന തെറ്റിദ്ധാരണയിൽ വിജയരാഘവൻ ഇദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9ന് ബാങ്ക് തുറക്കാൻ രാജേഷ് എത്തിയപ്പോഴാണ് സ്‌കൂട്ടറിലെത്തിയ വിജയരാഘവൻ ഇരുമ്പുവടികൊണ്ട് മാനേജരുടെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചത്.
വിജയരാഘവന് ബാങ്കിൽ നിന്നും വായ്പ പാസായിരുന്നു. എന്നാൽ കോവിഡ് മൂലം ഇത് സ്വീകരിക്കാനായില്ല. സമയപരിധി അവസാനിച്ചതോടെ പഴയബാങ്ക് മാനേജർ സ്ഥലം മാറിപ്പോയി. പുതിയ മാനേജർ രാജേഷ് വായ്പ കൈപ്പറ്റേണ്ട കാലാവധി കഴിഞ്ഞെന്നും വായ്പ നഷ്ടപ്പെട്ടെന്നും വിജയരാഘവനോട് പറഞ്ഞു. വായ്പ ലഭിക്കാത്തതിൽ ഇയാൾക്ക് പങ്കുണ്ടെന്നാരോപിച്ചായിരുന്നു വിജയരാഘവന്റെ അക്രമം.