കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവ് സഞ്ചരിച്ചത് 200 കിലോമീറ്റര്‍

0
44

ആംബുലന്‍സിന് യാത്രാക്കൂലി കൊടുക്കാനില്ലാത്തതിനെ തുടര്‍ന്ന് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ പിതാവിന് സഞ്ചരിക്കേണ്ടി വന്നത് 200 കിലോമീറ്റര്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഡാംഗിപാറ ഗ്രാമവാസിയായ ആഷിം ദേബ്ശര്‍മ്മയ്ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

മൃതദേഹം സിലിഗുരിയില്‍ നിന്ന് കലിയഗഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ 8000 രൂപയാണ് ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്.

സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഞ്ച് മാസം പ്രായമുള്ള മകന്‍ മരിച്ചത്. ആറ് ദിവസത്തെ ചികിത്സയ്ക്കൊടുവിലായിരുന്നു മരണം. ചികിത്സയ്ക്കായി 16,000 രൂപ ചെലവഴിച്ചു. മകന്റെ മൃതദേഹം കാളിയഗഞ്ചിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ഡ്രൈവര്‍ 8,000 രൂപ ആവശ്യപ്പെട്ടു. സൗജന്യ സേവനം നല്‍കേണ്ട സര്‍ക്കാര്‍ ആംബുലന്‍സ് സേവന ദാതാവാണ് പണം ആവശ്യപ്പെട്ടത്.

പണം നല്‍കാന്‍ മാര്‍ഗമില്ലാതെ, നിസ്സഹായനായ പിതാവ് മകന്റെ മൃതദേഹം ഒരു ബാഗില്‍ പൊതിഞ്ഞ് കാളിഗഞ്ചിലേക്കുള്ള ബസില്‍ കയറി. സഹയാത്രികര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന ഭയത്തില്‍ ആരെയും അറിയിക്കാതെയായിരുന്നു യാത്ര. ശനിയാഴ്ച രാത്രി സിലിഗുരിയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച യാത്ര ഞായറാഴ്ച ഉച്ചതിരിഞ്ഞ് കാളിഗഞ്ചിലാണ് അവസാനിച്ചത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.