ആശുപത്രിയിൽ പോയി വരും വഴി ബൈക്കിൽ ലോറിയിടിച്ചു, പിതാവും മകനും മരിച്ചു

0
686

മോനിപ്പള്ളി: ബൈക്കിൽ ലോറിയിടിച്ച് പിതാവും മകനും മരിച്ചു. ഇലഞ്ഞി ആലപുരം കോലടിയിൽ രാജീവ് (50), മകൻ മിഥുൻ (മധു-20) എന്നിവരാണ് മരിച്ചത്. എം.സി. റോഡിൽ മോനിപ്പളളി ജങ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമിത വേഗത്തിലെത്തിയ ടോറസ് ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

ആശാരിയായ രാജീവിന്റെ കൈ രണ്ടു ദിവസം മുമ്പ് മുറിഞ്ഞിരുന്നു. ഇതിന് മരുന്ന് വാങ്ങാൻ മോനിപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങും വഴിയായിരുന്നു അപകടം. മോനിപ്പളളി ജങ്ഷനിൽ നിന്ന് ഇലഞ്ഞി-എറണാകുളം റോഡിലേക്ക് ബൈക്ക് തിരിയുന്നതിനിടെ പിറകിൽ നിന്ന് കരിങ്കൽ പൊടിയുമായി വന്ന ലോറി ഇടിക്കുകയായിരുന്നു.

ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ബൈക്കുമായി മുപ്പത് മീറ്ററോളം നിരങ്ങി നീങ്ങിയാണ് ലോറി നിന്നത്. മിഥുൻ സംഭവസ്ഥലത്തും രാജീവൻ ആശുപത്രി വഴി മധ്യേയുമാണ് മരിച്ചത്.
ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കനായില്ല. പാലാ പോളിടെക്നിക് കോളജ് വിദ്യാർഥിയാണ് മിഥുൻ. രാജീവിന്റെ ഭാര്യ നിമ്മി കൂത്താട്ടുകുളം തോട്ടുങ്കൽ കുടുംബാഗം. മകൾ പരേതയായ അഞ്ജിത.