കോട്ടയം : സാത്താൻ ആരാധനയ്ക്ക് സമാനമായ ഒരു ആരാധനാ രീതി സമൂഹത്തിൽ വളർന്നുവരുന്നതായി മാർ ജോസഫ് പെരുംന്തോട്ടം മുന്നറിയിപ്പ് നൽകി . അഞ്ചു മാലാഖമാരെ അഞ്ചുദിവസം മന്ത്രവാദത്തോട് സമാനമായ ആചാരങ്ങൾ നടത്തി അടുത്ത മൂന്നു വീടുകളിലേക്ക് പറഞ്ഞയക്കുന്നതാണ് ഇതിന്റെ രീതി. മാലാഖമാരോട് എഴുതിയിരിക്കുന്ന അപേക്ഷയ്ക്ക് മുന്നിൽ ഫലങ്ങൾ വെച്ചു പ്രാർഥിക്കുന്നതും തിരി തെളിക്കുന്നതും ഇതിന്റെ രീതിയാണ്.
ഇത് അങ്ങേയറ്റം അന്ധവിശ്വാസമാണെന്നും പൈശാചിക പരീക്ഷണം ആണെന്നും മാർ ജോസഫ് പെരുംന്തോട്ടം പറഞ്ഞു. ആദിമ മാതാപിതാക്കളെ വഞ്ചിച്ച സാത്താൻ ഇന്നും അലറുന്ന സിംഹത്തെപ്പോലെ കറങ്ങി നടക്കുകയാണ്. മോഹന വാഗ്ദാനങ്ങൾ നൽകി വിശ്വാസികളെ കെണിയിൽ വീഴ്ത്താനാണ് തിന്മയുടെ ശക്തികളുടെ ശ്രമം . സഭ ഔദ്യോഗികമായി അംഗീകരിക്കാത്ത ഒരു ഭക്തിയും വിശ്വാസികൾ ആചരിക്കരുത്.
എല്ലാ കുടുംബാംഗങ്ങളും തങ്ങളുടെ വിശ്വാസം ഉറക്കെ പ്രഘോഷിക്കണം. എല്ലാ ദിവസവും വിശ്വാസപ്രമാണം കുടുംബത്തിൽ ഉറച്ചു ചൊല്ലണം, നമ്മുടെ വിശ്വാസസത്യങ്ങൾ അതിലൂടെ വ്യക്തമാണ്. ഈശോയിൽ അടിയുറച്ച വിശ്വസം വഴി സാത്താനെ ദൂരെയകറ്റുവാൻ നമുക്ക് കഴിയണമെന്നും കുഞ്ഞാടുകളുടെ വേഷത്തിൽ വരുന്ന ചെന്നായ്ക്കളെ സൂക്ഷിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംന്തോട്ടം പറഞ്ഞു.