എട്ടോളം സ്ത്രീകളെ വിവാഹവാഗ്ദാനം നൽകി പണവും സ്വർണ്ണവും തട്ടിയെടുത്തു,സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

0
53

തിരുവനന്തപുരം: യുവതികളെ വിവാഹം വാഗ്ദാനം നൽകി പണവും സ്വർണ്ണവും തട്ടിയെടുത്ത ശേഷം പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് ( 35) നെയാണ് റിമാൻഡ് ചെയ്തത്.

കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിരവധി സ്ഥലങ്ങളിൽ ഉള്ള വിവാഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമാണ് ഇരകൾ. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.

ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും, സ്വർണ്ണവും ഉൾപ്പെടെ തട്ടിയെടുത്ത കേസിൽ ആറ്റിങ്ങൽ പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഒളിവിലായിരുന്ന പ്രതി കോടതിയിൽ നൽകിയ മുൻകൂർ ജാമ്യം പരിഗണിക്കവെയാണ് പ്രതിയെ കോടതി റിമാന്റ് ചെയ്തത്.