പിണറായി വിജയന്‍ നടത്തിയത് 19 വിദേശയാത്ര

0
54

തിരുവനന്തപുരം: ആദ്യ പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇന്നുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ 19 വിദേശയാത്ര നടത്തിയെന്ന് മറുപടി. നിയമസഭയില്‍ സജീവ് ജോസഫിന്റെ ചോദ്യത്തിനു മറുപടിയായാണ് വിദേശയാത്രയുടെ എണ്ണവും ചെലവും സംബന്ധിച്ച മറുപടി ലഭിച്ചത്. 15 ഔദ്യോഗിക യാത്രയും ചികിത്സാര്‍ഥം 3 യാത്രകളും ഒരു സ്വകാര്യ യാത്രയുമാണ് നടത്തിയത്.
രണ്ടു ചികിത്സാ യാത്രയ്ക്കും 3 ഔദ്യോഗിക യാത്രയ്ക്കുമായി 32,58,185 രൂപ ചെലവിട്ടതായും എന്നാല്‍ ബാക്കി 14 യാത്രകളുടെ ചെലവ് വെളിപ്പെടുത്തിയിട്ടില്ല.
2018 ജൂലൈ 9 മുതല്‍ 17 വരെ അമേരിക്കയിലായിരുന്നു സ്വകാര്യ സന്ദര്‍ശനം. ജൂലൈ 4 മുതല്‍ 8 വരെ ഫൊക്കാന സമ്മേളനത്തിനു പോയ മുഖ്യമന്ത്രി ഒരാഴ്ച കൂടി സ്വകാര്യ ആവശ്യത്തിന് അവിടെ ചെലവിട്ടു. ഈ കാലയളവാണു സ്വകാര്യ യാത്രയായി കണക്കാക്കിയത്.
പിണറായി സര്‍ക്കാര്‍ വന്ന ശേഷം രാജ്ഭവനില്‍ 14 തസ്തികകളിലേക്കു വിവിധ ഘട്ടങ്ങളിലായി 77 ഡപ്യൂട്ടേഷന്‍ നിയമനം നടത്തിയെന്നു മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. കരാറില്‍ നിയമിച്ച 4 പേര്‍ക്കു സ്ഥിരനിയമനവും നല്‍കി. 2018 മാര്‍ച്ചില്‍ കുക്ക്, വെയിറ്റര്‍ എന്നിവര്‍ക്കും 2019 ഓഗസ്റ്റില്‍ സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍, 2022 ഫെബ്രുവരിയില്‍ ഫൊട്ടോഗ്രഫര്‍ എന്നിവര്‍ക്കുമാണു സ്ഥിരനിയമനം നല്‍കിയത്. താല്‍ക്കാലിക, കരാര്‍ നിയമനങ്ങള്‍ നടത്തിയതു കുടുംബശ്രീ വഴിയാണെന്നും അറിയിച്ചു.