കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി, ഒരു മരണം

0
61

തൃശൂര്‍: കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി ഹോട്ടലുടമയുടെ ഭാര്യ മരിച്ചു. ഹോട്ടല്‍ ജീവനക്കാരനായ മങ്ങാട് അണ്ടേക്കുന്നത്ത് കുന്നത്ത് ശിവരാമന്റെ ഭാര്യ സരളയാണ് മരിച്ചത്. മലബാര്‍ എഞ്ചിനീയറിങ് കോളജിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ ശിവരാമനും സാരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന അമല്‍, ജെസ്ലിന്‍, ദിവ്യ, ജ്യൂണ, കൃഷ്ണ, അമല്‍ എന്നിവര്‍ക്കും പരിക്കുണ്ട്. തൃശൂര്‍ കുണ്ടന്നൂര്‍ ചുങ്കം സെന്ററിന് സമീപത്തെ ഹോം സെന്ററിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പുഷ്പ ഹോട്ടലിലേക്കാണ് വടക്കാഞ്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന ബസ് ഇടിച്ചുകയറിയത്. അപകടത്തില്‍ ഹോട്ടലിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഈ സമയം ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ശിവരാമനും സരളയും. സരളയെ ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും മരിച്ചു.

കോളേജ് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ വാഹനത്തിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്താണ് പുറത്തിറക്കിയത്. ഡ്രൈവര്‍ക്ക് തലചുറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.