അഹമ്മദാബാദ്: പശുവിനെ ഭക്ഷണത്തിനായി കൊല്ലുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി ജഡ്ജി. ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസാണ് വിവാദപരമായ നിരീക്ഷണം നടത്തിയത്. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നീരിക്ഷണം.
പശു ഒരു മൃഗമല്ലവ അമ്മയാണ്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് പശുക്കള്‍ അത്യാവശ്യഘടകമാണ്. അവയുടെ ഒരു തുള്ളി രക്തം പോലും നിലത്ത് വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനില്‍പ്പിന് ആവശ്യമാണ്. പശുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ച നടക്കാറുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാകാറില്ല. മതപരമായ കാരണങ്ങള്‍ക്കു പുറമേ സാമൂഹിക വിഷയങ്ങളും കണക്കിലെടുക്കണം. ശ്ലോകങ്ങള്‍ ഉദ്ധരിച്ച് പശുക്കളെ വേദനിപ്പിക്കുന്നവര്‍ക്ക് സമ്പത്ത് നഷ്ടമാകുമെന്ന് ഉദാഹരണം സഹിതം അദ്ദേഹം വ്യക്തമാക്കി.
കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി മുഹമ്മദ് അമീനിന്റെ കേസ് പരിഗണിക്കുമ്പോഴാണ് ജഡ്ജിയുടെ നിരീക്ഷണം വ്യക്തമാക്കിയത്. പ്രതിക്ക് ജീവപര്യന്തവും 5 ലക്ഷം രൂപയും ശിക്ഷയായി വിധിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് 16 ഓളം പശുക്കളെ ക്രൂരമായ അവസ്ഥയില്‍ കടത്തിയതിനാണ് 2020 ല്‍ മുഹമ്മദ് അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.