കോതമംഗലം: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ ഒഴുക്കിൽപെട്ട് കാണാതായി.
കുട്ടമ്പുഴ, ആനക്കയം ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മട്ടാഞ്ചേരി നസ്രത്ത് സ്വദേശികളെയാണ് കാണാതായത്. വിനോദയാത്രയ്ക്കെത്തിയ കൊച്ചുവിട്ടിൽ പീറ്റർ ആന്റണി (54) വൈശാഖ് (38) എന്നിവരെയാണ് കാണാതായത്.
കാൽ വഴുതി പുഴയിലേക്ക് വീണ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ഷിജുവിനെ വഞ്ചിക്കാരനാണ് രക്ഷപെടുത്തിയത്. അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുകയാണ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘എന്റെ കൊച്ചി’ എന്ന ചാരിറ്റി സംഘടനയിലെ പ്രവർത്തകരാണ് ഒഴുക്കിൽപെട്ടത്.
പൂയംകുട്ടിപുഴയും, ഇടമലയാർ പുഴയും സംഗമിക്കുന്ന സ്ഥലമായതിനാൽ ശക്തമായ അടിയൊഴുക്കുണ്ട്. ഇവിടെ ഇതിന് മുൻപും നിരവധിപേർ ഒഴുക്കിൽപെട്ടിട്ടുണ്ട്. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ അത് ഗൗനിക്കാതെ പുഴയിൽ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.