ചാരുംമൂട്: അമ്മായിയച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റില്‍. നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയില്‍ പാറപ്പുറത്ത് വടക്കതില്‍ ബിപിന്‍ (29) എന്നിവര്‍ അറസ്റ്റില്‍. നവംബര്‍ 29 ന് രാത്രി 11.30ന് ആണ് രാജുവിനെ ആക്രമിച്ചത്
ബൈക്കില്‍ വീട്ടിലേക്കു വന്ന രാജുവിനെ വീടിന് സമീപം വഴിയരികില്‍ കാത്തുനിന്ന ഹെല്‍മറ്റ് ധരിച്ച ‘അജ്ഞാതന്‍’ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അടിയേറ്റതെന്തിനെന്നോ ആരാണ് അടിച്ചതെന്നോ രാജുവിന് മനസ്സിലായില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ചയാള്‍ വാഹനത്തില്‍ പോകുന്നതു കണ്ടെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. അതിനിടെ, അടിയേറ്റ ദിവസം വൈകിട്ട് രാജു മരുമകളോട് കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തതു സംബന്ധിച്ച് വഴക്ക് ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചു.
ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്നു കണ്ടെത്തിയത്. വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി സുഹൃത്ത് ബിപിനെ അറിയിക്കുകയും ബിപിന്‍ എത്തി രാജുവിനെ ആക്രമിക്കുകയുമായിരുന്നു. അടിക്കാന്‍ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.